icon
അഥ ഷഷ്ഠോഽധ്യായഃ

ആത്മസംയമയോഗഃ

ശ്രീഭഗവാനുവാച

അനാശ്രിതഃ കര്‍മഫലം കാര്യം കര്‍മ കരോതി യഃ 
സ സംന്യാസീ ച യോഗീ ച ന നിരഗ്നിര്‍ന ചാക്രിയഃ    (1)

ശ്രീ ഭഗവാന്‍ പറഞ്ഞു: ക‍ര്‍മ്മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യമായ ക‍ര്‍മ്മം ആരു ചെയ്യുന്നുവോ അവന്‍ സന്യാസിയും യോഗിയുമാണ്. അല്ലാതെ അഗ്നിഹോത്രാദികളെ ചെയ്യാത്തവനും, ക‍ര്‍മ്മത്തെ ഉപേക്ഷിച്ചു സ്വസ്ഥനായിരിക്കുന്നവനുമല്ല.

››

യം സംന്യാസമിതി പ്രാഹുര്‍യോഗം തം വിദ്ധി പാണ്ഡവ 
ന ഹ്യസംന്യസ്തസങ്കല്പോ യോഗീ ഭവതി കശ്ചന         (2)

ഹേ പാണ്ഡവാ, സന്യാസമെന്നു പറയുന്നത്‌ ഏതോ അതു തന്നെയാണ് യോഗമെന്നറിയുക. ഫലേച്ഛ വിടാതെ ഒരാളും യോഗിയായിത്തീരുന്നില്ല.

››

ആരുരുക്ഷോര്‍മുനേര്യോഗം കര്‍മ കാരണമുച്യതേ 
യോഗാരൂഢസ്യ തസ്യൈവ ശമഃ കാരണമുച്യതേ       (3)

ക‍ര്‍മ്മയോഗത്തെ പ്രാപിക്കുവാനിച്ഛിക്കുന്ന മുനിക്ക് ക‍ര്‍മ്മം മാ‍ര്‍ഗ്ഗമെന്നു പറയപ്പെടുന്നു. പിന്നീട് യോഗസിദ്ധി നേടിക്കഴിഞ്ഞ അവന് ശമം കാരണമെന്നും പറയപ്പെടുന്നു.

››

യദാ ഹി നേന്ദ്രിയാര്‍ഥേഷു ന കര്‍മസ്വനുഷജ്ജതേ 
സര്‍വ്വസങ്കല്പസംന്യാസീ യോഗാരൂഢസ്തദോച്യതേ      (4)

വിഷയങ്ങളിലും ക‍ര്‍മ്മങ്ങളിലും ആസക്തിയില്ലാതെ എല്ലാ മനോവ്യാപാരവും ത്യജിച്ചവനെ യോഗാരൂഢന്‍ (യോഗത്തെ പ്രാപിച്ചവന്‍) എന്നു വിളിക്കുന്നു.

››

ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് 
ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മനഃ   (5)

ഒരുവന്‍ തന്നെ സ്വയം ഉദ്ധരിക്കേണ്ടതാണ്, തന്നെ സ്വയം താഴ്ത്തരുത്, താന്‍ തന്നെയാണ് തന്റെ ബന്ധു. താന്‍ തന്നെയാണ് തന്റെ ശത്രുവും.

››

ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ 
അനാത്മനസ്തു ശത്രുത്വേ വര്‍തേതാത്മൈവ ശത്രുവത്      (6)

യാതൊരുവന്‍ സ്വയം തന്നെ ജയിച്ചിരിക്കുന്നുവോ അവന് താന്‍ തന്നെ തന്റെ ബന്ധുവാണ്. തന്റെ മേല്‍ നിയന്ത്രണമില്ലാത്തവനു താന്‍ തന്നെ ശത്രുവിനെപ്പോലെ ശത്രുത്വത്തില്‍ വര്‍ത്തിക്കുന്നു.

››

ജിതാത്മനഃ പ്രശാന്തസ്യ പരമാത്മാ സമാഹിതഃ 
ശീതോഷ്ണസുഖദുഃഖേഷു തഥാ മാനാപമാനയോഃ         (7)
ജ്ഞാനവിജ്ഞാനതൃപ്താത്മാ കൂടസ്ഥോ വിജിതേന്ദ്രിയഃ 
യുക്ത ഇത്യുച്യതേ യോഗീ സമലോഷ്ടാശ്മകാഞ്ചനഃ      (8)

മനോജയം സിദ്ധിച്ചവനും പ്രശാന്തമായിരിക്കുന്നവനും ആത്മാവ് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും അതുപോലെ മാനാപമാന ങ്ങളിലും ഏറ്റവും സമഭാവനയോടുകൂടിയവനും, അദ്ധ്യത്മജ്ഞാനവും ശാസ്ത്രജ്ഞാനവും കൊണ്ടു സംതൃപ്തനും നിര്‍വികാരനും ഇന്ദ്രിയജയം നേടിയവനും മണ്‍കട്ട, കല്ല്, പൊന്ന് ഇവ തുല്യമായി ഗണിക്കുന്നവനുമായ യോഗി യോഗയുക്തന്‍ എന്ന് പറയപ്പെടുന്നു.

››

സുഹൃന്മിത്രാര്യുദാസീനമധ്യസ്ഥദ്വേഷ്യബന്ധുഷു 
സാധുഷ്വപി ച പാപേഷു സമബുദ്ധിര്‍വിശിഷ്യതേ         (9)

സുഹൃത്തുക്കള്‍‍, മിത്രങ്ങള്‍, ശത്രുക്കള്‍, ഉദാസീനന്‍മാ‍‍ര്‍, വെറുക്കപ്പെടേണ്ടവര്‍, ബന്ധുക്കള്‍ ഇവരിലും നല്ലവരിലും പാപികളിലും സമബുദ്ധിയായിരിക്കുന്നവന്‍ വിശിഷ്ടനാകുന്നു.

››

യോഗീ യുഞ്ജീത സതതമാത്മാനം രഹസി സ്ഥിതഃ 
ഏകാകീ യതചിത്താത്മാ നിരാശീരപരിഗ്രഹഃ      (10)

യോഗി വിജനതയില്‍ സ്ഥിതിചെയ്ത് ഏകാകിയും ഇന്ദ്രിയമനസുകളെ നിയന്ത്രിച്ച്‌ നിഷ്കാമനും ആരില്‍നിന്നും ഒന്നും സ്വീകരിക്കാത്തവനുമായി സര്‍വദാ ആത്മാവിനെ യോജിപ്പിക്കണം.

››

ശുചൌ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മനഃ 
നാത്യുച്ഛ്രിതം നാതിനീചം ചൈലാജിനകുശോത്തരം        (11)
തത്രൈകാഗ്രം മനഃ കൃത്വാ യതചിത്തേന്ദ്രിയക്രിയഃ 
ഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മവിശുദ്ധയേ         (12)

ശുചിത്വമുള്ളിടത്ത് അധികം ഉയര്‍ച്ചയോ അധികം താഴ്ച്ചയോ ഇല്ലാത്തതും ദര്‍ഭപ്പുല്ല്, കൃഷ്ണമൃഗത്തിന്റെ തോല്‍ ഇവ മേല്‍ക്കുമേല്‍ വിരിച്ചതുമായ തന്റെ ഇരിപ്പിടം സ്ഥിരമാക്കി അതിലിരുന്ന് മനസ്സ് എകാഗ്രമാക്കി മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മശുദ്ധിക്കുവേണ്ടി യോഗം അഭ്യസിക്കണം.

››

സമം കായശിരോഗ്രീവം ധാരയന്നചലം സ്ഥിരഃ 
സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയന്‍  (13)
പ്രശാന്താത്മാ വിഗതഭീര്‍ബ്രഹ്മചാരിവ്രതേ സ്ഥിതഃ 
മനഃ സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പരഃ        (14)

ശരീരം, കഴുത്ത്, തല ഇവ ഋജുവാക്കി ഇളകാതെ വച്ച് സ്ഥിരമായി തന്റെ നാസികാഗ്രത്തില്‍ ദൃഷ്ടിയൂന്നി ദിക്കുകളിലേക്ക് നോക്കാതെ മനഃശാന്തിയോടെ നിര്‍ഭയനായി ദൃഢമായ ബ്രഹ്മചര്യത്തോടു കൂടിയവനായി മനസിനെ നിയന്ത്രിച്ച് എന്നില്‍തന്നെ ഉറപ്പിച്ച് എന്നെ മാത്രം ചിന്തിക്കുന്നവനായി യോഗയുക്തനായി സ്ഥിതിചെയ്യണം.

››

യുഞ്ജന്നേവം സദാത്മാനം യോഗീ നിയതമാനസഃ 
ശാന്തിം നിര്വാണപരമാം മത്സംസ്ഥാമധിഗച്ഛതി       (15)

ഇപ്രകാരം യോഗി സര്‍വദാ മനോനിയന്ത്രണത്തോടെ തന്നെ യുക്തനാക്കിയിട്ട് അതായത് ഈശ്വരനില്‍ താദാത്മ്യഭാവന ചെയ്ത് എന്നില്‍ പ്രതിഷ്ഠിതവും പരമനിര്‍വാണ രൂപവുമായ ശാന്തി പ്രാപിക്കുന്നു.

››

നാത്യശ്നതസ്തു യോഗോഽസ്തി ന ചൈകാന്തമനശ്നതഃ 
ന ചാതിസ്വപ്നശീലസ്യ ജാഗ്രതോ നൈവ ചാര്‍ജുന       (16)

ഹേ അര്‍ജുനാ, അധികം ആഹാരം കഴിക്കുന്നവനും, ഒട്ടും ആഹാരം കഴിക്കാത്തവനും യോഗമില്ല. അധികം ഉറങ്ങുന്നവനും എപ്പോഴും ഉണര്‍ന്നിരിക്കുന്നവനും യോഗം സംഭവിക്കുകയില്ല.

››

യുക്താഹാരവിഹാരസ്യ  യുക്തചേഷ്ടസ്യ കര്‍മസു 
യുക്തസ്വപ്നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ      (17)

വേണ്ടയളവില്‍ മിതമായി ആഹാരവും വിഹാരവും നിര്‍വഹിക്കുന്നവനും പ്രവൃത്തികളില്‍ സമചിത്തതയോടെ വ്യാപരിക്കുന്നവനും ഉറക്കവും ഉണര്‍ന്നിരിക്കലും ഉചിതമായ അളവില്‍ നിര്‍വഹിക്കുന്നവനുമായ യോഗിയ്ക്ക് യോഗം ദുഃഖനാശകമായിത്തീരുന്നു.

››

യദാ വിനിയതം ചിത്തമാത്മന്യേവാവതിഷ്ഠതേ 
നിഃസ്പൃഹഃ സര്‍വ്വകാമേഭ്യോ യുക്ത ഇത്യുച്യതേ തദാ      (18)

എപ്പോള്‍ സ്ഥിരമായിത്തീര്‍ന്ന ചിത്തം സര്‍വകാമങ്ങളില്‍ നിന്നും അകന്ന് ആത്മാവില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവോ അപ്പോള്‍ അവന്‍ യുക്തനെന്നു പറയപ്പെടുന്നു.

››

യഥാ ദീപോ നിവാതസ്ഥോ നേംഗതേ സോപമാ സ്മൃതാ 
യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മനഃ  (19)

കാറ്റില്ലാത്തിടത്ത് സ്ഥിതിചെയ്യുന്ന ദീപത്തിന്റെ നിശ്ചലാവസ്ഥയാണ് ആത്മയോഗം അഭ്യസിക്കുന്ന മനോനിയന്ത്രണമുള്ള യോഗിയുടെ ഉപമയായി സ്മരിക്കപ്പെടുന്നത്.

››

യത്രോപരമതേ ചിത്തം നിരുദ്ധം യോഗസേവയാ 
യത്ര ചൈവാത്മനാത്മാനം പശ്യന്നാത്മനി തുഷ്യതി        (20)
സുഖമാത്യന്തികം യത്തദ് ബുദ്ധിഗ്രാഹ്യമതീന്ദ്രിയം 
വേത്തി യത്ര ന ചൈവായം സ്ഥിതശ്ചലതി തത്ത്വതഃ   (21)
യം ലബ്ധ്വാ ചാപരം ലാഭം മന്യതേ നാധികം തതഃ 
യസ്മിന്‍സ്ഥിതോ ന ദുഃഖേന ഗുരുണാപി വിചാല്യതേ  (22)
തം വിദ്യാദ് ദുഃഖസംയോഗവിയോഗം യോഗസംജ്ഞിതം 
സ നിശ്ചയേന യോക്തവ്യോ യോഗോഽനിര്‍വ്വിണ്ണചേതസാ     (23)

ഏതവസ്ഥയില്‍ നിയന്ത്രിതമായ മനസ്സ് യോഗപരിശീലനത്താല്‍ സന്തുഷ്ടമായിരിക്കുന്നുവോ, ഏതവസ്ഥയില്‍ ആത്മാവിനെ ആത്മാവില്‍ ആത്മാവുകൊണ്ടു ദര്‍ശിച്ച് സന്തോഷം കൈകൊള്ളുന്നുവോ, ഏതവസ്ഥയില്‍ ബുദ്ധിഗ്രാഹ്യവും ഇന്ദ്രിയാതീതവുമായ ആത്യന്തിക സുഖത്തെ അറിയുന്നുവോ, ഏതവസ്ഥയില്‍ സ്ഥിതിചെയ്യുമ്പോള്‍ അവന്‍ സത്യദര്‍ശനത്തില്‍ നിന്നും വിചലിക്കുന്നില്ലയോ, ഏതൊന്ന് ലഭിച്ചിട്ട് മറ്റോരുലാഭത്തെ അതില്‍ കവിഞ്ഞതായി ഗണിക്കുന്നില്ലയോ, എതോരവസ്ഥയില്‍ സ്ഥിതനായാല്‍ വലിയ ദുഃഖത്താല്‍ പോലും ക്ഷോഭമേല്‍ക്കുന്നി ല്ലയോ അതാണ് ദുഃഖസ്പര്‍ശമില്ലാത്ത യോഗമെന്ന് അറിയണം. തളരാത്ത മനസ്സോടെ സ്ഥിരനിശ്ചയത്തോടുകൂടി ആ യോഗം അഭ്യസിക്കണം.

››

സങ്കല്പപ്രഭവാന്‍കാമാംസ്ത്യക്ത്വാ സര്‍വ്വാനശേഷതഃ 
മനസൈവേന്ദ്രിയഗ്രാമം വിനിയമ്യ സമന്തതഃ        (24)
ശനൈഃ ശനൈരുപരമേദ് ബുദ്ധ്യാ ധൃതിഗൃഹീതയാ 
ആത്മസംസ്ഥം മനഃ കൃത്വാ ന കിഞ്ചിദപി ചിന്തയേത്     (25)

സങ്കല്പജനിതങ്ങളായ എല്ലാ കാമങ്ങളും പൂര്‍ണമായി ത്യജിച്ച് മനസ്സുകൊണ്ട് തന്നെ ഇന്ദ്രിയങ്ങളെ എല്ലായിടത്തുനിന്നും നിയന്ത്രിച്ച് ഒതുക്കി ക്രമേണ ധൈര്യം തികഞ്ഞ ബുദ്ധിയോടുകൂടി വര്‍ത്തിക്കണം. മനസ്സ് ആത്മാവിലുറപ്പിച്ച് മറ്റൊന്നും ചിന്തിക്കാതെയിരിക്കണം.

››

യതോ യതോ നിശ്ചരതി മനശ്ചഞ്ചലമസ്ഥിരം 
തതസ്തതോ നിയമ്യൈതദാത്മന്യേവ വശം നയേത്      (26)

ചഞ്ചലവും അസ്ഥിരവുമായ മനസ്സ് എവിടെയൊക്കെ ചെല്ലുന്നുവോ അവിടെ നിന്നെല്ലാം അതിനെ പിന്‍വലിച്ച് ആത്മാവില്‍ തന്നെ ഉറപ്പിക്കണം.

››

പ്രശാന്തമനസം ഹ്യേനം യോഗിനം സുഖമുത്തമം 
ഉപൈതി ശാന്തരജസം ബ്രഹ്മഭൂതമകല്മഷം            (27)

ഇളക്കമറ്റ മനസ്സോടുകൂടിയവനും രജോഗുണമടങ്ങിയവനും നിഷ്പാപനും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവനുമായ ഈ യോഗി ഉത്തമമായ സുഖത്തെ പ്രാപിക്കുന്നു.

››

യുഞ്ജന്നേവം സദാത്മാനം യോഗീ വിഗതകല്മഷഃ 
സുഖേന ബ്രഹ്മസംസ്പര്‍ശമത്യന്തം സുഖമശ്നുതേ        (28)

ഇപ്രകാരം എപ്പോഴും യോഗമഭ്യസിക്കുന്നവനും പാപമറ്റവനുമായ യോഗി നിഷ്പ്രയാസം ആത്യന്തികമായ ബ്രഹ്മാനന്ദം അനുഭവിക്കുന്നു.

››

സര്‍വ്വഭൂതസ്ഥമാത്മാനം സര്‍വ്വഭൂതാനി ചാത്മനി 
ഈക്ഷതേ യോഗയുക്താത്മാ സര്‍വ്വത്ര സമദര്‍ശനഃ       (29)

യോഗത്തില്‍ ഉറച്ച മനസോടുകൂടിയവനും എല്ലായിടത്തും സമദൃഷ്ടിയുള്ളവനുമായ യോഗി തന്നെ എല്ലാ പ്രാണികളിലും, എല്ലാ പ്രാണികളെയും തന്നില്‍ തന്നെയും ദര്‍ശിക്കുന്നു.

››

യോ മാം പശ്യതി സര്‍വ്വത്ര സര്‍വ്വം ച മയി പശ്യതി 
തസ്യാഹം ന പ്രണശ്യാമി സ ച മേ ന പ്രണശ്യതി         (30)

യാതോരുത്തന്‍ എന്നെ എല്ലായിടത്തും കാണുകയും എല്ലാത്തിനെയും എന്നിലും കാണുകയും ചെയ്യുന്നുവോ അവന്‍ അന്നില്‍ നിന്നും, ഞാന്‍ അവനില്‍ നിന്നും ഒരിക്കലും പിരിയുന്നില്ല.

››

സര്‍വ്വഭൂതസ്ഥിതം യോ മാം ഭജത്യേകത്വമാസ്ഥിതഃ 
സര്‍വ്വഥാ വര്‍തമാനോഽപി സ യോഗീ മയി വര്‍തതേ       (31)

ഏതൊരുവന്‍ ഏകത്വബോധം നേടി എല്ലാ ജീവജാലങ്ങളിലും വ്യാപിച്ചിരിക്കുന്ന എന്നെ ഭജിക്കുന്നുവോ, ആ യോഗി എങ്ങിനെയെല്ലാം ഇരുന്നാലും എന്നില്‍തന്നെ വര്‍ത്തിക്കുന്നു.

››

ആത്മൌപമ്യേന സര്‍വ്വത്ര സമം പശ്യതി യോഽര്‍ജുന 
സുഖം വാ യദി വാ ദുഃഖം സ യോഗീ പരമോ മതഃ        (32)

ഹേ അര്‍ജുനാ, എല്ലാവരിലുമുള്ള സുഖമായാലും ദുഖമായാലും തന്റെതിനോപ്പമായി കാണുന്ന യോഗി ഏറ്റവും ശ്രേഷ്ഠനാണെ ന്നതാണ് എന്റെ അഭിപ്രായം.

››

അര്‍ജുന ഉവാച

യോഽയം യോഗസ്ത്വയാ പ്രോക്തഃ സാമ്യേന മധുസൂദന 
ഏതസ്യാഹം ന പശ്യാമി ചഞ്ചലത്വാത്സ്ഥിതിം സ്ഥിരാം     (33)

അര്‍ജുനന്‍ പറഞ്ഞു: ഹേ മധുസൂദനാ, സമചിത്തതാ ലക്ഷണമായി ഏതൊരു യോഗമാണോ അങ്ങ് പറഞ്ഞത്, എന്റെ മനസിന്റെ ചാഞ്ചല്യം നിമിത്തം അതിനു സുസ്ഥിരമായ നിലനില്‍പ്പ്‌ ഞാന്‍ കാണുന്നില്ല.

››

ചഞ്ചലം ഹി മനഃ കൃഷ്ണ പ്രമാഥി ബലവദ് ദൃഢം 
തസ്യാഹം നിഗ്രഹം മന്യേ വായോരിവ സുദുഷ്കരം       (34)

എന്തെന്നാല്‍ ഹേ കൃഷ്ണാ, മനസ്സ് ചഞ്ചലവും ക്ഷുബ്ധവും നിയന്ത്രണ ത്തിനു വഴങ്ങാത്തതും അയവില്ലാത്തതുമാണ്. അതിന്റെ നിയന്ത്രണം വായുവിന്റെതെന്നപോലെ ദുഷ്ക്കരമായി ഞാന്‍ കരുതുന്നു.

››

ശ്രീഭഗവാനുവാച

അസംശയം മഹാബാഹോ മനോ ദുര്‍നിഗ്രഹം ചലം 
അഭ്യാസേന തു കൌന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ     (35)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ മഹാബാഹോ, നിസംശയമായും മനസ്സ് നിയന്ത്രിക്കാന്‍ വിഷമമുള്ളതും ചഞ്ചലവുമാണ്. എന്നാല്‍ കുന്തീപുത്രാ, അഭ്യാസം കൊണ്ടും, വൈരാഗ്യം കൊണ്ടും അത് നിയന്ത്രണവിധേയമാക്കപ്പെടുന്നു.

››

അസംയതാത്മനാ യോഗോ ദുഷ്പ്രാപ ഇതി മേ മതിഃ 
വശ്യാത്മനാ തു യതതാ ശക്യോഽവാപ്തുമുപായതഃ        (36)

വൈരാഗ്യം കൊണ്ടു മനസ്സിനെ നിയന്ത്രിക്കാനാവാത്തവനു യോഗസിദ്ധി ലഭിക്കാന്‍ വിഷമമാണ് എന്നാണു എന്റെ അഭിപ്രായം. എന്നാല്‍ നിയന്ത്രിതചിത്തനു ശരിയായ ഉപായമനുസരിച്ച് യത്നിച്ചാല്‍ യോഗപ്രാപ്തി സാധ്യവുമാണ്‌.

››

അര്‍ജുന ഉവാച

അയതിഃ ശ്രദ്ധയോപേതോ യോഗാച്ചലിതമാനസഃ 
അപ്രാപ്യ യോഗസംസിദ്ധിം കാം ഗതിം കൃഷ്ണ ഗച്ഛതി     (37)

അര്‍ജുനന്‍ ചോദിച്ചു: കൃഷ്ണാ, ശ്രദ്ധയോടെ ശ്രമിച്ചിട്ടും യോഗ പരിശീലനത്തില്‍ മനസ്സുറക്കാതെ യോഗിയായി കഴിഞ്ഞിട്ടില്ലാ ത്തവന്‍ യോഗലക്ഷ്യം നേടാതെ ഏത് ഗതിയെ പ്രാപിക്കും.

››

കച്ചിന്നോഭയവിഭ്രഷ്ടശ്ഛിന്നാഭ്രമിവ നശ്യതി 
അപ്രതിഷ്ഠോ മഹാബാഹോ വിമൂഢോ ബ്രഹ്മണഃ പഥി  (38)

ഹേ മഹാബാഹോ, ബ്രഹ്മമാ‍ര്‍ഗ്ഗത്തില്‍ നിന്ന്‌ തെറ്റി എങ്ങുമുറയ്ക്കാതെ ലൌകികമാര്‍ഗം, യോഗമാര്‍ഗം ഈ രണ്ടിലും സ്ഥാനമില്ലാതെ ഛിന്നഭിന്നമായ മേഘം പോലെ അവന്‍ നശിക്കുകയില്ലേ?

››

ഏതന്മേ സംശയം കൃഷ്ണ ഛേത്തുമര്‍ഹസ്യശേഷതഃ 
ത്വദന്യഃ സംശയസ്യാസ്യ ഛേത്താ ന ഹ്യുപപദ്യതേ         (39)

ഹേ കൃഷ്ണാ, എന്റെ ഈ സംശയത്തെ നിഃശേഷം അങ്ങു തീര്‍ത്തുതരേണ്ടതാണ്. ഈ സംശയം പരിഹരിക്കാന്‍ അങ്ങല്ലാതെ മറ്റൊരാള്‍ യോഗ്യനായില്ല.

››

ശ്രീഭഗവാനുവാച

പാര്‍ഥ നൈവേഹ നാമുത്ര വിനാശസ്തസ്യ വിദ്യതേ 
ന ഹി കല്യാണകൃത്കശ്ചിദ് ദുര്‍ഗതിം താത ഗച്ഛതി         (40)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ പാര്‍ത്ഥ, അവനു ഈ ലോകത്തില്‍ വിനാശം ഇല്ല തന്നെ; പരലോകത്തുമില്ല. കുഞ്ഞേ, നല്ലത് ചെയ്യുന്ന ഒരുവന്‍ ഒരിക്കലും ദുര്‍ഗതി പ്രാപിക്കുന്നില്ല.

››

പ്രാപ്യ പുണ്യകൃതാം ലോകാനുഷിത്വാ ശാശ്വതീഃ സമാഃ 
ശുചീനാം ശ്രീമതാം ഗേഹേ യോഗഭ്രഷ്ടോഽഭിജായതേ  (41)

യോഗസിദ്ധി നേടാത്തവന്‍ പുണ്യവാന്‍മാരുടെ ലോകത്തില്‍ച്ചെന്നു ദീര്‍ഘകാലം വാണിട്ടു ശുദ്ധമനസ്ക്കരും ഐശ്വര്യയുക്തരുമായവരുടെ കുടുംബത്തില്‍ ജനിക്കുന്നു.

››

അഥവാ യോഗിനാമേവ കുലേ ഭവതി ധീമതാം 
ഏതദ്ധി ദുര്‍ലഭതരം ലോകേ ജന്മ യദീദൃശം           (42)

അല്ലെങ്കില്‍ ബുദ്ധിമാന്മാരായ യോഗികളുടെ കുലത്തില്‍ തന്നെ ജനിക്കുന്നു. ലോകത്തില്‍ ഇങ്ങിനെയുള്ള ജന്മം ലഭിക്കാന്‍ അത്യന്തം പ്രയാസമാണ്.

››

തത്ര തം ബുദ്ധിസംയോഗം ലഭതേ പൌര്വദേഹികം 
യതതേ ച തതോ ഭൂയഃ സംസിദ്ധൌ കുരുനന്ദന        (43)

കുരുവംശജനായ അര്‍ജുനാ, ഈ ജന്മത്തില്‍ മുജ്ജന്മത്തിലെ സംസ്കാരം ലഭിക്കുന്നു. അതുകൊണ്ട് വീണ്ടും യോഗസിദ്ധിക്കായി യത്നിക്കുകയും ചെയ്യുന്നു.

››

പൂര്‍വ്വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോഽപി സഃ 
ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവര്‍തതേ       (44)

മുജ്ജന്മത്തിലെ ആ അഭ്യാസം കൊണ്ടുമാത്രം താന്‍ അറിയാതെയാണെങ്കിലും അവന്‍ യോഗസാധനയിലേക്ക് നയിക്കപ്പെടുന്നു. യോഗരഹസ്യമറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും ശബ്ദബ്രഹ്മത്തെ (വൈദികകര്‍മ്മാനുഷ്ഠാനങ്ങളെ) അതിക്രമി ക്കുന്നുണ്ട്.

››

പ്രയത്നാദ്യതമാനസ്തു യോഗീ സംശുദ്ധകില്ബിഷഃ 
അനേകജന്മസംസിദ്ധസ്തതോ യാതി പരാം ഗതിം         (45)

തീവ്രമായി പരിശ്രമിക്കുന്ന യോഗിയാകട്ടെ പാപം നീങ്ങി അതിനുശേഷം അനേകജന്മങ്ങള്‍ കൊണ്ടു സിദ്ധനായി പിന്നീട് പരമമായ ഗതിയെ പ്രാപിക്കുന്നു.

››

തപസ്വിഭ്യോഽധികോ യോഗീ ജ്ഞാനിഭ്യോഽപി മതോഽധികഃ 
കര്‍മിഭ്യശ്ചാധികോ യോഗീ തസ്മാദ്യോഗീ ഭവാര്‍ജുന      (46)

ക‍ര്‍മ്മയോഗി തപസ്വികളെക്കാള്‍ ശ്രേഷ്ഠനാണ്. അയാള്‍ ജ്ഞാനികളേക്കാളും ശ്രേഷ്ഠനാണെന്നാണ് എന്റെ പക്ഷം. യോഗി കാമ്യക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരേക്കാളും ശ്രേഷ്ഠനാണ്. അതുകൊണ്ട് അര്‍ജുനാ, നീ യോഗിയായിത്തീരുക.

››

യോഗിനാമപി സര്‍വ്വേഷാം മദ്ഗതേനാന്തരാത്മനാ    
ശ്രദ്ധാവാന്‍ഭജതേ യോ മാം സ മേ യുക്തതമോ മതഃ         (47)

സകല യോഗികളിലും വച്ച് എന്നില്‍ ഉറച്ച മനസോടെ ശ്രദ്ധാപൂര്‍ണനായി ആരെന്നെ ഭജിക്കുന്നുവോ അവനാണ് എന്റെ അഭിപ്രായത്തില്‍ അത്യന്തം ശ്രേഷ്ഠ‍ന്‍‍!

››
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ആത്മസംയമയോഗോ നാമ ഷഷ്ഠോഽധ്യായഃ






ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: